ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക – സാംസ്കാരിക ചരിത്ര പശ്ചാത്തലം
പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ വിലസുന്ന പ്രകൃതി രമണീയമായ മലയോര പ്രദേശമാണ് ഈസ്റ്റ് എളേരി. അടിമത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയും കര്‍ഷക സമരങ്ങളുടെയും ചരിത്രമുറങ്ങുന്നതും കഠിനാദ്ധ്വാനവും സാഹസികതയും നിറഞ്ഞ അതിജീവനത്തിന്റെ കുടിയേറ്റ വീരഗാഥ രചിക്കപ്പെട്ടതുമായ ഒരു കഥയാണ് ഈസ്റ്റ് എളേരിക്ക് പറയാനുള്ളത്.
ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്താരിപ്പുഴയ്ക്ക് വടക്ക് നിന്നും വന്നതെന്ന് കരുതപ്പെടുന്ന ഒരു വിഭാഗം ബ്രാഹ്മണർ ഈ പ്രദേശത്ത് താമസിച്ചിരുന്നതായും 1400 കളിൽ പൂര്‍വ്വന്മാർ എന്നൊരു വിഭാഗം അവരെ തുരത്തിയോടിച്ച് കമ്പല്ലൂരിൽ ആധിപത്യം സ്ഥാപിച്ചതായും പറയപ്പെടുന്നു. 1550 നോടടുത്ത് പഴയങ്ങാടി ദേശക്കാരായിരുന്ന പുല്ലായിക്കൊടി തറവാട്ടുകാർ പുളിങ്ങോം പ്രദേശത്ത് വരികയും അവിടെ നിന്നും കാര്യങ്കോട് പുഴ കടന്ന് കമ്പല്ലൂർ ആസ്ഥാനമാക്കി ഭൂമി കൈവശപ്പെടുത്തി കോട്ട കെട്ടി താമസമുറപ്പിച്ചതായും പറയപ്പെടുന്നുണ്ട്. ഇവര്‍ ആദിവാസികളായ മലവേട്ടുവരെ പിടിച്ചുകെട്ടി കോട്ടയിൽ കൊണ്ടു വന്ന് അടിമകളാക്കി പണിയെടുപ്പിച്ചു. 1750 ൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പൂര്‍വ്വന്മാർ ഇവിടെ നിന്നും നാടുവിട്ട് പോയതായി പറയപ്പെടുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടു കൂടി നാടുവാഴികളും, ഇടപ്രഭുക്കന്മാരും, തീരപ്രദേശങ്ങളിൽ നിന്നും കിഴക്കൻ മലയോരങ്ങളിൽ വരികയും വേട്ടയടുന്നതിനും പുനം കൃഷി ചെയ്യുന്നതിനും മത്സരിച്ച് ഭൂമി കൈവശപ്പെടുത്തുകയും ചെയ്തു. കോടോത്ത്, കോണോത്ത്, ഏച്ചിക്കാനം എന്നീ കുടുംബക്കാരായിരുന്നു മുന്‍ പന്തിയിലുണ്ടായിരുന്നത്. എളേരി ഭാഗത്തിന്റെ ഭൂരിഭാഗവും കോണോത്തുകാരും കമ്പല്ലൂര്‍ കോടോത്തു തറവാട്ടുകാരും കൈയ്യടക്കി. 1880 നോടടുത്ത് കൃഷിയിൽ താല്പര്യമുള്ളവർ തീരപ്രദേശങ്ങളിൽ നിന്നും എളേരിയിൽ വന്ന് ജന്മിമാരോട് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി നടത്തി. അതോടൊപ്പം ജന്മിമാരും അവരെ ആശ്രയിച്ചു കഴിയുന്ന കുടിയാന്മാരും പണിക്കാരായ അടിയാളന്മാരും ഉള്‍പ്പെടുന്ന ഒരു സമൂഹം ഉടലെടുത്തു.
അക്കാലത്ത് തീണ്ടലും തൊട്ടുകൂടായ്മയും നിലനിന്നിരുന്നു. പുനം കൊത്തി നെല്‍കൃഷി ചെയ്യൽ സാധാരണയായിരുന്നു. അതോടൊപ്പം തുവര, മഞ്ഞള്‍, വെള്ളരി തുടങ്ങിയവയും കൃഷി ചെയ്ത് വിളവെടുത്തു. വന്യ മൃഗങ്ങളെ നായാട്ടു നടത്തി കൊന്ന് മാംസം വീതം വെച്ച് എടുക്കമായിരുന്നു. മാംസം വില്‍പ്പന ഉണ്ടായിരുന്നില്ല. മിച്ചമുള്ളവ ഉണക്കി സൂക്ഷിച്ചിരുന്നു. മുസ്ലീം സമുദായത്തില്‍പ്പെട്ട ഏതാനും ആളുകളും അക്കാലത്ത് ഇവിടെ താമസമുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ തിരുവിതാംകൂറില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടു. തിരുവിതാംകൂര്‍ ജനത ഒറ്റയ്ക്കും കൂട്ടമായും പുതിയ കൃഷിസ്ഥലമന്വേഷിച്ച് പുറപ്പെട്ട് പോന്നു. അവരില്‍ ചിലർ മലബാറിന്റെ മണ്ണിലെത്തി. ഓരോരോ സങ്കേതങ്ങളിൽ അവർ എത്തിച്ചേര്‍ന്നു. 1945 ൽ ഈസ്റ്റ് എളേരിയിലേക്കും കുടിയേറ്റം ആരംഭിച്ചു. കഠിനാദ്ധ്വാനം കൈമുതലായുള്ള ഒരു പറ്റം ആളുകള്‍ ഘോരവനങ്ങൾ വെട്ടിത്തെളിച്ചും, വന്യമൃഗങ്ങളോടും വനമ്പാമ്പുകളോടും എതിരിട്ടും ഈസ്റ്റ് എളേരിയുടെ മണ്ണിൽ കൃഷി ഇറക്കി. ഓല കൊണ്ട് കുടിലുകൾ കെട്ടി അവർ അതിൽ താമസിച്ചു. കൂടുതല്‍ കര്‍ഷകർ എത്തിച്ചേര്‍ന്നതോടെ കുടിയേറ്റ ജനത ഒരു വലിയ സമൂഹമായി. ജന്മിമാരില്‍ നിന്നും അവർ വില കൊടുത്ത് ഭൂമി വാങ്ങി.
കുടിയേറ്റത്തിന് മുമ്പ് ഭൂമി ജന്മിയുടെ സ്വന്തമായിരുന്നു. കര്‍ഷകൻ പാട്ടത്തിനു ഭൂമിയിൽ കൃഷി ചെയ്യുന്ന കുടിയാനും, ആദിവാസികള്‍ അടിയാന്മാരുമായിരുന്നു. കുടിയേറ്റത്തോടു കൂടി ആ വ്യവസ്ഥിതിക്കു മാറ്റം വന്നു. ജന്മാവകാശമുള്ള ഭൂമി വിലകൊടുത്തു വാങ്ങിയ നിരവധി സ്വതന്ത്ര കര്‍ഷകർ നിലവിൽ വന്നു.
കുടിയേറ്റം വര്‍ദ്ധിക്കുകയും കര്‍ഷകൻ ഭൂമി വില കൊടുത്തു വാങ്ങുകയും ചെയ്തതോടെ ജന്മിത്വം ക്ഷയിച്ചു. അതോടൊപ്പം മറ്റൊരു സാമൂഹ്യ മാറ്റം കൂടി സംഭവിച്ചു. ജന്മികളുടെ പടിഞ്ഞാറുള്ള തറവാടുകള്‍ വീതം വെച്ച് വിഭജിക്കപ്പെട്ടു. വിഭജനത്തില്‍ കിഴക്കുള്ള ഭൂമി അവകാശമായി കിട്ടിയവർ അതും വില്‍ക്കാൻ തുടങ്ങി. ഇത് കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു.
1949 ൽ പാലാവയലിലും കുടിയേറ്റം ആരംഭിച്ചു. കുടിയേറ്റ കര്‍ഷകരാണ് ഈ നാടിന്റെ മുഖഛായ മാറ്റിയത്. ആദ്യ കുടിയേറ്റക്കാര്‍ക്ക് ചീമേനി തോട്ടം സൂപ്രണ്ടായിരുന്ന തയ്യിൽ തോമസിന്റെ നേതൃത്വം ലഭിച്ചു. മലയോര ജനതയുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന ഒരു വിശിഷ്ട വ്യക്തിത്വമാണ് മോൺ ജറോം ഡിസൂസ. മംഗലാപുരത്തു നിന്നും ഇവിടെയെത്തി കുടിയേറ്റ ജനതയ്ക്ക് ശക്തമായ നേതൃത്വവും പിന്തുണയും കൊടുത്ത ജറോം ഡിസൂസ ഈ നാട് കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക് വിസ്മരിക്കാത്തക്കതല്ല. തുടര്‍ന്ന് കടുമേനിയിലും എളേരിയുടെ വിവിധ ഭാഗങ്ങളിലും കാലാനുസൃതമായി കുടിയേറ്റമുണ്ടായി.
ജന്മിത്വം കൊടി കുത്തി വാഴുന്ന കാലഘട്ടത്തില്‍ ഭക്ഷ്യ ക്ഷാമവും ദാരിദ്രവും നാടെങ്ങും അനുഭവപ്പെട്ടിരുന്നു. നെല്ലെല്ലാം ജന്മിമാരുടെ പത്തായപ്പുരയിൽ. വിശന്നു വലയുന്ന ജനങ്ങള്‍ക്ക് ന്യായ വിലക്കോ കടമായോ നെല്ല് കൊടുക്കണമെന്ന കര്‍ഷകരുടെ ആവശ്യം അവർ നിഷ്കരണം നിരസിച്ചു. നാടെങ്ങും പ്രക്ഷോഭ സമരങ്ങൾ നടന്നു. അഖിലേന്ത്യാ കിസാന്‍ സഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കര്‍ഷകരെ സംഘടിപ്പിച്ച് പത്തായപ്പുരകളിൽ നിന്നും നെല്ല് പിടിച്ചെടുത്ത് റേഷൻ വിലയ്ക്ക് കര്‍ഷകര്‍ക്ക് വില്‍ക്കുന്ന പരിപാടി കര്‍ഷക സംഘം ഏറ്റെടുത്ത് നടത്തി വന്നിരുന്നു. ഇതില്‍ കുപിതരായ ജന്മിമാർ പോലീസ് സഹായം തേടി. പോലീസിന്റെ സഹായത്തോടെ ജന്മിമാര്‍ ഗുണ്ടകളെ ഉപയോഗിച്ച് കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താൻ ശ്രമിച്ചു. സമരക്കാരും പോലീസും തമ്മില്‍ പലയിടത്തും സംഘര്‍ഷം ഉടലെടുത്തു.
ജന്മിത്തത്തിനും നാടുവാഴിത്തത്തിനും എതിരായ കാര്‍ഷിക സമര ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അധ്യായമാണ് മുനയംകുന്ന് സംഭവം. വേങ്ങയില്‍ നായനാർ, ആലപ്പടമ്പ് നമ്പീശൻ എന്നീ ജന്മിമാരുടെ വീടുകളിൽ നിന്ന് നെല്ല് പിടിച്ചെടുത്ത് വിതരണം നടത്തിയ സമരക്കാരെ അന്വേഷിച്ച് പോലീസും ഗുണ്ടകളും നാടുചുറ്റി. പോലീസിന്റെ നരവേട്ടയിൽ നിന്നും രക്ഷ നേടുന്നതിന് അന്ന് സൌത്ത് കാനറാ ജില്ലയുടെ ഭാഗമായ മുനയംകുന്നിലെ ചെഞ്ചേരി കൃഷ്ണൻ എന്ന കര്‍ഷകന്റെ വീട്ടിൽ അമ്പതോളം കര്‍ഷകർ ഒളിവിൽ കഴിയുകയായിരുന്നു. ആരോ ഒറ്റിക്കൊടുത്തതിന്റെ ഫലമായി എം.എസ്.പി ക്കാര്‍ വീടു വളയുകയും 1948 ഏപ്രിൽ 30 ൻ രാത്രിയുടെ മറവിൽ നിനച്ചിരിക്കാത്ത സമയത്ത് വീടു വളഞ്ഞ് നടത്തിയ വെടിവെപ്പിൽ കൃഷ്ണന്റെ വീട്ടിൽ ഒളിച്ചു താമസിച്ചിരുന്നവരിൽ 6 പേര്‍ തല്‍ക്ഷണം മരിച്ചു വീഴുകയായിരുന്നു. മുനയംകുന്ന് വെടി വെയ്പ്പിന്റെയും കര്‍ഷകരുടെ മരണത്തിന്റെയും ഓര്‍മ്മ ദിനമായി മുനയംകുന്ന് രക്തസാക്ഷിത്വ ദിനം എല്ലാ വര്‍ഷവും ആചരിച്ചു പോരുന്നു.
1956 നവംബർ 1 വരെ ഈ പ്രദേശം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നെങ്കിലും സൌത്ത് കാനറ ജില്ല എന്നാണ് അറിയപ്പെട്ടിരുന്നത്. കാഞ്ഞിരോട് താലൂക്കില്‍ പെട്ടിരുന്ന ഈ പ്രദേശത്തിന്റെ പോലീസ് സ്റ്റേഷനും രജിസ്റ്റർകച്ചേരിയും ജില്ലാ ആസ്ഥാനമായ മംഗലാപുരത്തായിരുന്നു. കുത്തകാവകാശം വെച്ചനുഭവിച്ചു വരുന്ന ഭൂമിക്ക് നികുതി കൊടുക്കണമെന്ന ഒരു നിയമം 1925 ൽ ബ്രിട്ടീഷ് ഗവണ്‍മെന്റ് പാസ്സാക്കി നടപ്പിൽ വരുത്തി. നികുതി പിരിക്കുന്നതിനുള്ള സൌകര്യത്തിനു വേണ്ടി എളേരി ഗ്രാമത്തെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചു. നികുതി പിരിക്കുന്നതിൻ പട്ടേലര്‍മാരെ നിയമിച്ചു. 1952 ൽ ഈസ്റ്റ്, വെസ്റ്റ് എളേരി വില്ലേജുകളെ ഒരു പഞ്ചായത്തിനു കീഴിലാക്കി. 1956 ൽ ഒന്നാമത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. സ്ഥാനാര്‍ത്ഥികളെ മുമ്പിൽ കണ്ടുകൊണ്ട് കൈപൊക്കിയുള്ള തെരഞ്ഞെടുപ്പായിരുന്നു അന്ന് നടന്നത്. പ്രഥമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായി കെ.മാധവന്‍, ചെമ്മഞ്ചേരി നാരായണൻ നായർ , എന്‍.സി ചാണ്ടി, മാത്യു പൈകട, അബിര വീട്ടില്‍ നാരായണൻ നായർ , വെളുത്ത കണ്ണന്‍, കാഞ്ഞമല ജോസഫ്, കെ.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാർ എന്നിവരെ തെരഞ്ഞെടുത്തു. കെ.മാധവന്‍ ആദ്യ പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് കെ.മാധവന്‍ പ്രസിഡന്റു സ്ഥാനത്തു നിന്ന് ഒഴിവാകുകയും എൻ.സി.ചാണ്ടി സ്ഥാനം ഏല്‍ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പിൽ ടി.ജെ.ജോസഫ് പ്രസിഡന്റായുള്ള ഭരണസമിതി നിലവിൽ വന്നു. രണ്ടര വര്‍ഷത്തിൻ ശേഷം ടി.ജെ.ജോസഫ് മാറി കെ.കെ.നാരായണന്‍ നമ്പ്യാർ പ്രസിഡന്റായി.
1969 ൽ എളേരി പഞ്ചായത്തിനെ വിഭജിച്ച് ചിറ്റാരിക്കാൽ ആസ്ഥാനമായി ഈസ്റ്റ് എളേരി പഞ്ചായത്തും ഭീമനടി ആസ്ഥാനമായി വെസ്റ്റ് എളേരി പഞ്ചായത്തും രൂപീകരിച്ചു. ശ്രീ. തയ്യിൽ ജോസഫ് സൌജന്യമായി നല്‍കിയ സ്ഥലത്ത് ചിറ്റാരിക്കാൽ ടൌണിൽ ഒരു പഞ്ചായത്ത് ഓഫീസ് കെട്ടിടം പണിത് പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് ചിറ്റാരിക്കാൽ ടൌണിനടുത്തു തന്നെയുള്ളതും, കരിമ്പിൽ കുഞ്ഞിക്കോമൻ ബസ്റ്റാന്റിനു വേണ്ടി ദാനം ചെയ്തതുമായ സ്ഥലത്ത് പുതിയ കെട്ടിടം 2013-15 കാലഘട്ടത്തിൽ നിര്‍മ്മിക്കുകയും പഞ്ചായത്തോഫീസിന്റെ പ്രവര്‍ത്തനം അങ്ങോട്ട് മാറുകയും ചെയ്തു.