ഭൂമിശാസ്ത്രം
കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ ബ്ളോക്കില്‍ ചിറ്റാരിക്കല്‍, പാലാവയല്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. 62.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് കര്‍ണ്ണാടക ഫോറസ്റ്റും, ചെറുപുഴ (കണ്ണൂര്‍ ജില്ല) പഞ്ചായത്തും, പടിഞ്ഞാറ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തും, വടക്ക് വെസ്റ്റ് എളേരി, ബളാല്‍ ഗ്രാമപഞ്ചായത്തുകളും, തെക്ക് കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം വയക്കര, ചെറുപുഴ പഞ്ചായത്തുകളുമാണ്. ഈസ്റ്റ് എളേരി, കാസര്‍ഗോഡ് ജില്ലയുടെ തെക്കു കിഴക്ക് കുടക് വനപ്രദേശത്തിന് അരികു ചേര്‍ന്നുള്ള ഒരു ഗ്രാമമാണ്. ബ്രഹ്മഗിരിയില്‍ നിന്നും ഉത്ഭവിച്ച് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളെ വേര്‍തിരിച്ചൊഴുകുന്ന പയസ്വിനിയെന്ന കാര്യങ്കോട് പുഴയാല്‍ അതിരുതീര്‍ക്കപ്പെട്ട ഈസ്റ്റ് എളേരി പഞ്ചായത്തിന് 62.52 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പച്ചപുതച്ച മലനിരകളും താഴ്വരകളും അവയെ തഴുകിയൊഴുകുന്ന കൈത്തോടുകളും ഉള്‍ക്കൊള്ളുന്ന എളേരി പ്രശാന്ത സുന്ദരമാണ്.